ഭക്ഷണമോ പാനീയമോ കഴിക്കുമ്പോൾ ജീവനുള്ള ബാക്ടീരിയകളോ അവയുടെ വിഷവസ്തുക്കളോ അല്ലെങ്കിൽ വൈറസുകളോ , അജൈവ രാസവസ്തുക്കളോ, സസ്യങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും പുറപ്പെടുന്ന വിഷവസ്തുക്കളോ അകത്ത് കടക്കുന്നത് മൂലം പെട്ടെന്നുണ്ടാകുന്ന ; പ്രധാനമായും ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയുടെ മിക്ക സന്ദർഭങ്ങളിലും ഒരേ സ്ഥലത്തു വെച്ച് ഒരേ സമയത്ത് ഭക്ഷണം കഴിച്ച അനേകം ആളുകൾക്ക് സമാനലക്ഷണങ്ങളോടെ അസുഖ ബാധ ഉണ്ടായതായി കാണാം.
ഭക്ഷ്യവിഷബാധയെ ബാക്ടീരിയകൾ ഉണ്ടാക്കുന്നതും, ബാക്ടീരിയേതരമായതുമായി രണ്ടായി തരം തിരിക്കാം. വൈറസുകൾ,ഫംഗസുകൾ, ചിലയിനം സസ്യങ്ങളുടെ ഭാഗങ്ങൾ, ചിലയിനം രാസപദാർത്ഥങ്ങൾ എന്നിവയാണ് ബാക്ടീരിയയുടേതല്ലാത്ത ഫുഡ്പോയി സണിങ്ങിൻ്റെ കാരണക്കാർ.
നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഭൂരിഭാഗം ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്നത് ബാക്ടീരിയ ആണ്.
1 ബാക്ടീരിയ മൂലമുള്ള രോഗങ്ങൾ
ഭക്ഷണത്തോടൊപ്പം ശരീരത്തിനകത്ത് കടക്കുന്ന രോഗകാരികൾക്കനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടുമെങ്കിലും വയറിളക്കം, അടിവയർ വേദന, ഓക്കാനം, ഛർദ്ദി, പനി എന്നിവയാണ് പൊതുവെ കാണുന്ന ലക്ഷണങ്ങൾ. രോഗം കൂടിയാൽ മലത്തോടൊപ്പം രക്തവും, മ്യൂക്കസും കാണും. മൂന്ന് ദിവസത്തിൽ കൂടുതലുള്ള വയറിളക്കം, 102 ഡിഗ്രിയിൽ കൂടിയ പനി, ശരീരത്തിൽ ജലാംശം നഷ്ടപ്പെടുന്ന വിധത്തിൽ തുടർച്ചയായ ഛർദ്ദി എന്നിവയും രോഗം ഗുരുതരമാകുന്നതിൻ്റെ ലക്ഷണമാണ്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗം നാഡികളെയാണ് ബാധിക്കുന്നതാണ്. ഇതിന് വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങൾ കാണില്ല. ശബ്ദവ്യത്യാസം, വിഴുങ്ങാൻ പ്രയാസം, കടുത്ത ക്ഷീണം, കൈകാലുകൾക്ക് സ്വാധീനക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന ഈ രോഗത്തിന് മരണ നിരക്ക് കൂടുതലാണ്.
ബാക്ടീരിയകളെ കൂടാതെ റോട്ടാ വൈറസ്, നോർവാക്ക് വൈറസ് തുടങ്ങിയ ചിലയിനം വൈറസുകളും, ഗിയാർഡിയ, സൈക്ലോസ്പോർ പോലുള്ള ഏകകോശജീവികളും വയറിളക്ക രോഗങ്ങളുണ്ടാക്കുന്നുണ്ട്.
2. വിഷവസ്തുക്കൾ:
ചില ബാക്ടീരിയകൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിൽ പോലും അവ ഉണ്ടാക്കി വെച്ച വിഷവസ്തുക്കൾ രോഗത്തിന് കാരണമാകുന്നു. സസ്യങ്ങളിലും മൃഗങ്ങളിലും കാണപ്പെടുന്ന ചില പ്രകൃതിദത്ത വിഷങ്ങളും (ഉദാ. വിഷമുള്ള കൂൺ, ചില മത്സ്യം/കക്കയിറച്ചി) ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
3. രാസവസ്തുക്കൾ:
* ഘന ലോഹങ്ങൾ: ലെഡ്, മെർക്കുറി, ചെമ്പ് അല്ലെങ്കിൽ സിങ്ക് പോലുള്ളവ ഏതെങ്കിലും വിധത്തിൽ ഭക്ഷണത്തിൽ എത്തിച്ചേർന്നാൽ ഹാനികരമാണ്.
* തകരാറുള്ളതോ കേടായതോ ആയ ടിന്ന്, ലെഡ്, ചെമ്പ് അല്ലെങ്കിൽ സിങ്ക് പോലെയുള്ള പാത്രങ്ങളിൽ നിന്നും( പ്രത്യേകിച്ച് അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ), മലിനമായ വെള്ളത്തിൽ നിന്നും ലോഹാംശം ഭക്ഷണത്തിലേക്ക് എത്തിച്ചേർന്ന് രോഗമുണ്ടാക്കുന്നു.
* വിളകളിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെയും കളനാശിനികളുടെയും അവശേഷിപ്പുകൾ വിഷബാധക്ക് കാരണമാണ്.
* ശരിയായി പരിപാലിക്കാത്ത ഭക്ഷ്യ സംഭരണ പാത്രങ്ങളിൽ നിന്നുള്ള രാസവസ്തുക്കളും (ചെമ്പ്, പിത്തള പാത്രങ്ങളിൽ കാണുന്ന ക്ലാവ് പോലുള്ളവ) ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്നു
* ഭക്ഷ്യവസ്തുക്കളിൽ വളരുന്ന പൂപ്പലുകൾ ഉൽപാദിപ്പിക്കുന്ന മൈക്കോടോക്സിനുകൾ ഭക്ഷ്യ വിഷബാധ ഉണ്ടാക്കുന്നു.
* ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുമ്പോൾ ചേർക്കുന്ന ചില അഡിറ്റീവുകൾ അല്ലെങ്കിൽ പ്രിസർവേറ്റീവുകൾ അമിതമായ അളവിലാകുന്നത് ദോഷമാകുന്നു.
* പാത്രങ്ങൾ കഴുകാനും, തറ വൃത്തിയാക്കാനുമുപയോഗിക്കുന്ന ഡിറ്റർജൻ്റുകൾ, എലികളെയും,പരാദങ്ങളെയും നശിപ്പാൻ ഉപയോഗിക്കുന്ന വിഷം ചേർന്ന വസ്തുക്കൾ എന്നിവ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് രാസ ഭക്ഷ്യവിഷബാധയുടെ കാരണങ്ങളാണ്.
ഭക്ഷണം മലിനമാകുന്നതിനുള്ള പൊതുവായ കാരണങ്ങൾൾ ഇവയാണ്:
* തെറ്റായ പാചകം അല്ലെങ്കിൽ വീണ്ടും ചൂടാക്കൽ: ശരിയായ താപനിലയിൽ ഭക്ഷണം പാകം ചെയ്യാതിരിക്കുകയോ ദോഷകരമായ സൂക്ഷ്മാണുക്കളെ കൊല്ലാൻ വേണ്ടത്ര ചൂടാക്കാതിരിക്കുകയോ ചെയ്യുക.
* തെറ്റായ സംഭരണം: മുറിയിലെ താപനിലയിൽ കൂടുതൽ നേരം ഭക്ഷണം പുറത്ത് വയ്ക്കുന്നത്, ഉടനടി തണുപ്പിക്കുകയോ മരവിപ്പിക്കുകയോ ചെയ്യാതിരിക്കുക, അല്ലെങ്കിൽ അനുചിതമായ താപനിലയിൽ സൂക്ഷിക്കുക.
* ക്രോസ്-കണ്ടമിനേഷൻ: അസംസ്കൃത ഭക്ഷണങ്ങളിൽ നിന്ന് വേവിച്ച ഭക്ഷണങ്ങളിലേക്കോ കഴിക്കാൻ തയ്യാറായ ഭക്ഷണങ്ങളിലേക്കോ കഴുകാത്ത കൈകൾ, കട്ടിംഗ് ബോർഡുകൾ അല്ലെങ്കിൽ പാത്രങ്ങൾ വഴി സൂക്ഷ്മാണുക്കളെ മാറ്റുന്നു.
* വ്യക്തിശുചിത്വക്കുറവ്: ഭക്ഷണവുമായി ബന്ധപ്പെട്ടവർ രോഗികളോ ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം കൈകൾ നന്നായി കഴുകാത്തവരോ ആയതിനാൽ ഭക്ഷണത്തിലേക്ക് അണുക്കൾ പടരാൻ സാധ്യതയുണ്ട്. മൂക്കിലെ സ്രവങ്ങൾ, തൊലിപ്പുറത്തുണ്ടാകുന്ന മുറിവുകൾ, പരുക്കൾ, മുഖക്കുരു എന്നിവയിൽ നിന്നും രോഗാണുക്കൾ ഭക്ഷണത്തിലെത്തുന്നു.
* ‘ഉപയോഗ തീയതി പ്രകാരം ‘അല്ലാതെ ഭക്ഷണം കഴിക്കുന്നത്.
* മലിനമായ വെള്ളം: ഉൽപ്പന്നങ്ങൾ കഴുകുന്നതിനോ ഭക്ഷണം തയ്യാറാക്കുന്നതിനോ മലിനമായ വെള്ളം ഉപയോഗിക്കുക മൂലം.
